പാലക്കാട്/ കൊല്ലം ∙ വാഹന പരിശോധനയ്ക്കിടെ കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കുണ്ടറ കുമ്പളം നെടിയവിള വീട്ടിൽ ആന്റണി വർഗീസ് (ആട് ആന്റണി–52) അറസ്റ്റിൽ. തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടിൽനിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ പാലക്കാടു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് ക്രൈം സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ആന്റണി. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളായിരുന്നു കൂടുതലും മോഷ്ടിച്ചിരുന്നത്. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു 30 കിലോമീറ്റർ അകലെ ധാരാപുരത്തു രാജേന്ദ്രൻ എന്ന വസ്ത്രവ്യാപാരി ചമഞ്ഞു വീടും സ്ഥലവും വാങ്ങി കഴിയുകയായിരുന്നു. ഇതിനിടെ, ഭർത്താവ് മരിച്ച കൊടുവായൂർ സ്വദേശിനിയെ കഴിഞ്ഞ നവംബറിൽ വിവാഹം ചെയ്തിരുന്നു. തുടർന്നു ഭാര്യയ്ക്കായി ഗോപാലപുരത്തു വീടുവാങ്ങി. ഭാര്യയെ സന്ദർശിക്കാനും പാലക്കാട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ആദ്യഭാര്യയിലെ മകനെ കാണാനും പ്രതി എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഭാര്യവീടു കണ്ടെത്തിയ പൊലീസ് ഇവിടെ കാത്തിരുന്നു കീഴ്പെടുത്തുകയായിരുന്നു.
സൈബർ സെൽ സഹായത്തോടെ ആന്റണിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയ പൊലീസ് സംഘം ഒരു മാസത്തിലേറെയായി ഇയാളുടെ പിന്നാലെയായിരുന്നു. സെൽവരാജ് എന്ന പേരിലാണ് ഇയാൾ ഗോപാലപുരത്തും മറ്റും പരിചയപ്പെടുത്തിയിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഈ പേരിലുള്ള തിരിച്ചറിയൽ കാർഡും ഒട്ടേറെ ഇലക്ട്രോണിക്സ് സാധനങ്ങളും കണ്ടെടുത്തു.
2012 ജൂൺ 25നു രാത്രി കൊല്ലം പാരിപ്പള്ളി – മടത്തറ റോഡിൽ ജവാഹർ ജംക്‌ഷനിൽ വാഹന പരിശോധനയ്ക്കിടെ ആന്റണി സഞ്ചരിച്ചിരുന്ന വാൻ പൊലീസ് തടഞ്ഞു. വാനിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്നതെന്നു സംശയിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തി. ആന്റണിയെ ജീപ്പിൽ കയറ്റി അൽപ്പസമയം കഴിഞ്ഞപ്പോൾ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്തു ഡ്രൈവർ മണിയൻ പിള്ളയെ കുത്തുകയായിരുന്നു. തടഞ്ഞ അഡീഷനൽ എസ്ഐ ജോയിയെയും കുത്തിവീഴ്ത്തി ആന്റണി കടന്നുകളഞ്ഞു. അക്രമിസംഘം സഞ്ചരിച്ചിരുന്ന വാൻ വർക്കലയ്ക്കു സമീപം ഇടവ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീടു തിരുവനന്തപുരത്തുള്ള വാടകവീട്ടിലെത്തി കൂടെ താമസിച്ചിരുന്ന സൂസനെയും കൂട്ടി ഒളിവിൽ പോയി. സൂസനെ പിന്നീടു പുണെയിൽ നിന്നു പൊലീസ് പിടികൂടി.
ആന്റണിക്കായി രാജ്യത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. പലതവണ ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ചെന്നൈയിൽ മോഷണസാധനങ്ങൾ വിൽക്കാൻ ചെന്നപ്പോൾ പൊലീസ് തിരിച്ചറിഞ്ഞുവെന്നു മനസ്സിലാക്കി ട്രെയിനിൽ ചാടിക്കയറി സ്ഥലംവിട്ടു. പിന്നീടു വാളയാറിൽ പൊലീസിന്റെ വലയിലായെങ്കിലും നിരപരാധിയായി അഭിനയിച്ചു രക്ഷപ്പെട്ടു. ഒളിവുകാലത്തിനിടെ രൂപവും ഭാവവും മാറിയ ആന്റണിയെ ഇന്നലെ തിരിച്ചറിയാൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ആദ്യം ചിറ്റൂർ പൊലീസ് സ്റ്റേഷനിലും പിന്നീടു ജില്ലാ പൊലീസ് ഓഫിസിലുമെത്തിച്ച പ്രതിയെ വൈകിട്ടു നാലരയോടെ കൊല്ലത്തു നിന്നെത്തിയ പൊലീസ് സംഘത്തിനു കൈമാറി.
തമിഴ്നാട്ടിൽ നടത്തിയതു പതിനഞ്ചിലധികം കവർച്ചകൾ.
തമിഴ്നാട്ടിൽ തിരുപ്പൂരിലും ധാരാപുരം ഗ്രാമത്തിലെ വീട്ടിലുമായി ഒളിവിൽ കഴിഞ്ഞ ആട് ആന്റണി ഒന്നര വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ നടത്തിയതു പതിനഞ്ചിലധികം കവർച്ചകൾ.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡിണ്ടിഗലിലെ സ്വകാര്യ കോളജിന്റെ ഓഫിസ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയുടെ കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തിൽ ഡിണ്ടിഗൽ പൊലീസ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് ആന്റണിയെ തിരിച്ചറിഞ്ഞിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ ചെന്നൈ റയിൽവേ സ്റ്റേഷനിൽനിന്നു തലനാരിഴയ്ക്കാണ് ആന്റണി പൊലീസിൽനിന്നു രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറിയായിരുന്നു രക്ഷപ്പെടൽ. വിവിധയിടങ്ങളിൽനിന്നു മോഷ്ടിച്ച ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കാനാണ് ആന്റണി ചെന്നൈയിലെത്തിയത്.
ഈറോഡ്, ഡിണ്ടിഗൽ, സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി ചോദ്യംചെയ്യലിൽ ആന്റണി സമ്മതിച്ചതായി ഡിവൈഎസ്പി എം.എൽ. സുനിൽ പറഞ്ഞു. കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്നതിലാണ് ആന്റണിക്കു താൽപര്യം. പാലക്കാട് ഗോപാലപുരത്തെ വീട്ടിൽനിന്നു മൂന്നു ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും പൊലീസ് കണ്ടെടുത്തു. 2005ൽ പാലക്കാട് നഗരത്തിലെ ഇലക്ട്രോണിക് ഷോപ്പ് കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ആന്റണി രണ്ടു വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സഹായികളില്ലാതെ ഒറ്റയ്ക്കാണു മോഷണങ്ങളും കവർച്ചയും നടത്തുക. സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ഷോപ്പുകളിലെത്തി നോക്കിവയ്ക്കും. ഉപകരണങ്ങളും വാഹനവുമായെത്തി രാത്രിയിലാണു മോഷണം. വാഹനം വാടകയ്ക്ക് എടുക്കുകയാണു പതിവ്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണു മോഷണസാധനങ്ങൾ വിൽക്കുന്നത്. പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നു തോന്നിയാൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും കുറച്ചുദിവസം കറങ്ങി തിരിച്ചെത്തുകയാണു പതിവ്.
രൂപവും ഭാവവും മാറി ആരാലും തിരിച്ചറിയാതെ
പാലക്കാട് ∙ ക്ലീൻ ഷേവ്, തടിച്ച ശരീരപ്രകൃതം, കഷണ്ടികയറിയ നെറ്റി. ഒറ്റ നോട്ടത്തിലല്ല, വിശദമായി നോക്കിയാൽ പോലും ആട് ആന്റണിയെ തിരിച്ചറിയാൻ സാധിക്കില്ല. ഇതുതന്നെയായിരുന്നു മൂന്നു വർഷവും നാലു മാസവും നീണ്ട ഒളിവു ജീവിതത്തിൽ ആന്റണിക്കു സഹായകരമായത്. പൊലീസിന്റെ കയ്യിലുള്ള ഫോട്ടോയിൽ സുമുഖനായിരുന്ന ആന്റണിയുടെ രൂപം ഏറെ മാറിയിരുന്നു. താടിയും മീശയും വടിച്ചതോടെ തിരിച്ചറിയുക വിഷമകരമായി. പാലക്കാട്–തമിഴ്നാട് അതിർത്തിയിൽ ആട് ആന്റണിയോട് സാമ്യം ഉള്ളവരെ കണ്ടെന്ന ഒട്ടേറെ കോളുകൾ പൊലീസിനു ലഭിച്ചിരുന്നു.
മൂന്നു മാസം മുൻപു പൊള്ളാച്ചിയിൽ ഇയാളെ കണ്ടെന്നും പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ആന്റണിയുടെ പല വിധത്തിലുള്ള ഫോട്ടോകൾ തയാറാക്കിയായിരുന്നു പൊലീസിന്റെ തിരച്ചിൽ. ഇന്നലെ പിടികൂടുന്നതുവരെ ആട് ആന്റണിയാണോ ഇതെന്ന കാര്യത്തിൽ പൊലീസിനും നേരിയ സംശയം ഉണ്ടായിരുന്നു.
ജില്ലാ പൊലീസ് ഓഫിസിലെത്തിച്ചപ്പോൾ നിസ്സംഗഭാവത്തിലായിരുന്നു പ്രതി. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ പ്രാഥമിക ചോദ്യംചെയ്യൽ നടത്തി. ജില്ലാ പൊലീസ് ഓഫിസിലെ ജീവനക്കാരും പ്രതിയെ കാണാൻ എത്തി. പൊലീസ് പ്രഭാതഭക്ഷണമായി പൂരിയും കറിയും നൽകിയെങ്കിലും ആദ്യം കഴിക്കാൻ വിസമ്മതിച്ചു. പിന്നീടു പൊലീസ് നിർബന്ധിച്ചപ്പോൾ കഴിച്ചു.
*വാളയാറിൽ അഭിനയിച്ചു രക്ഷപ്പെട്ടു *
പാലക്കാട് ∙ ഒരു വർഷം മുൻപു വാളയാറിൽ പൊലീസിന്റെ പിടിയിലായെങ്കിലും അഭിനയശേഷി ഉപയോഗിച്ച് ആട് ആന്റണി അവിടെ നിന്നു രക്ഷപ്പെട്ടു. വാനിൽ കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്ന ആന്റണിയെ സംശയത്തെത്തുടർന്ന് ഒരു പൊലീസ് ഓഫിസർ പിന്തുടർന്നു. ഇദ്ദേഹം നൽകിയ വിവരം അനുസരിച്ചു വാളയാർ പൊലീസ് വാഹനം തടഞ്ഞു കസ്റ്റഡിയിലെടുത്തെങ്കിലും നിരപരാധിത്വം അഭിനയിച്ച് രക്ഷപ്പെട്ടു. കട്ടിമീശ ഉണ്ടായിരുന്ന ആന്റണിയെ തിരിച്ചറിയാനും സാധിച്ചില്ല. ഇതോടെ പൊലീസ് ഇയാളെ വിട്ടയച്ചു. ഇന്നലെ പിടികൂടി ജില്ലാ പൊലീസ് ഓഫിസിൽ എത്തിച്ചപ്പോഴാണു പണ്ട് സംശയം തോന്നി ചോദ്യം ചെയ്തത് ആട് ആന്റണിയെയായിരുന്നെന്നു പൊലീസ് തിരിച്ചറിഞ്ഞത്.
*വിമാനത്തിൽ വന്നത് ആന്റണിയായിരുന്നില്ല *
പാലക്കാട് ∙ കഴിഞ്ഞവർഷം മാർച്ചിൽ ആട് ആന്റണി ഡൽഹിയിൽനിന്നു കോയമ്പത്തൂരിലേക്കു വിമാനമാർഗമെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നു കേരള, തമിഴ്നാട് പൊലീസ് സംഘം വലവിരിച്ചെങ്കിലും അന്നു കിട്ടിയത് മലേഷ്യൻ സ്വദേശിയായ ആന്റണി നാഥൻ അഗസ്‌റ്റിൻ എന്ന നിരപരാധിയെ. ആട് ആന്റണി കോയമ്പത്തൂരിലേക്കു വിമാനത്തിൽ വരുന്നുണ്ടെന്നായിരുന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച സന്ദേശം.
കേന്ദ്ര വ്യവസായ സുരക്ഷാസേനയും കോയമ്പത്തൂർ രഹസ്യാന്വേഷണ വിഭാഗവും കേരള പൊലീസും മാധ്യമപ്രവർത്തകരുമടക്കം ആട് ആന്റണിയുടെ വരവിനായി വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും യഥാർഥ ആട് ആന്റണിയല്ലെന്നു പിന്നീടു വ്യക്തമായി.
പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല; മണിയൻപിള്ളയെ കുത്തിയത് രക്ഷപെടാൻ: ആട് ആന്റണി
പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാണ് മണിയൻപിള്ളയെ കുത്തിയതെന്ന് കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി. ഒളിവിൽ പോയ ശേഷം കേരളത്തിൽ മോഷണങ്ങൾ നടത്തിയിട്ടില്ല. സെൽവരാജെന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഉള്ളത്. ഇതുവരെ അറുന്നൂറോളം മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ആന്റണി പൊലീസിനോട് സമ്മതിച്ചു. പിടിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് ആന്റണി വ്യക്തമാക്കി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യം െചയ്യൽ. കമ്മിഷണറോടൊപ്പം നാലു എസിപിമാരും എഎസ്ഐ ജോയിയും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ പാലക്കാട് അറസ്റ്റിലായ ആന്റണിയെ പുലർച്ചയാണ് കൊല്ലത്തെത്തിച്ചത്. ഇന്ന് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പരവൂർ കോടതിയിൽ ഹാജരാക്കും.
തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തിനു സമീപം കരുമാണ്ടക്കൗണ്ടനൂരിലെ ഭാര്യവീട്ടിൽനിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ പാലക്കാടു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് ക്രൈം സ്ക്വാഡും ചേർന്നാണ് ആട് ആന്റണിയെ പിടികൂടിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ആന്റണി. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളായിരുന്നു കൂടുതലും മോഷ്ടിച്ചിരുന്നത്. ഒരു വർഷത്തിലേറെയായി തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്നു 30 കിലോമീറ്റർ അകലെ ധാരാപുരത്തു രാജേന്ദ്രൻ എന്ന വസ്ത്രവ്യാപാരി ചമഞ്ഞു വീടും സ്ഥലവും വാങ്ങി കഴിയുകയായിരുന്നു.
ഇതിനിടെ, ഭർത്താവ് മരിച്ച കൊടുവായൂർ സ്വദേശിനിയെ കഴിഞ്ഞ നവംബറിൽ വിവാഹം ചെയ്തിരുന്നു. തുടർന്നു ഭാര്യയ്ക്കായി ഗോപാലപുരത്തു വീടുവാങ്ങി. ഭാര്യയെ സന്ദർശിക്കാനും പാലക്കാട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ആദ്യഭാര്യയിലെ മകനെ കാണാനും പ്രതി എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഭാര്യവീടു കണ്ടെത്തിയ പൊലീസ് ഇവിടെ കാത്തിരുന്നാണ് ആന്റണിയെ കീഴ്പെടുത്തിയത്.
നാടുനീളെ ഭാര്യമാർ; ആടിനെന്നും പ്രായം 43!
ആട് ആന്റണിക്കു 20 ഭാര്യമാരുണ്ടെന്ന് പൊലീസിന്റെ രേഖകൾ. ഇന്നലെ വരെ 19 ആയിരുന്നു. പിടിയിലായപ്പോൾ ഒരു ഭാര്യയെക്കൂടി കണ്ടെത്തിയപ്പോഴാണ് ഭാര്യാപട്ടിക 20 ആയത്! ഭാര്യമാരിൽ മിക്കവരെയും അന്വേഷണ സംഘം പല ഘട്ടങ്ങളിലായി കണ്ടെത്തിയിരുന്നു. ആടിനെ കണ്ടെത്താനുള്ള വഴി ലഭിക്കുമെന്ന പ്രതീക്ഷ ഒരിടത്തും നിറവേറിയില്ല. ഭാര്യമാർക്ക് ആന്റണിയുടെ നീക്കങ്ങൾ അജ്ഞാതമായിരുന്നു. പൊലീസ് ഏറെയും കേട്ടതു നിരാലംബരായ സ്ത്രീകളുടെ കണ്ണീർക്കഥകൾ.
പലവിധ ‘നമ്പരുകൾ’ ഇറക്കിയാണ് ആന്റണി സ്ത്രീകളെ ജീവിതത്തിലേക്കു ക്ഷണിച്ചത്. പരസ്യത്തിൽ രണ്ടു മൊബൈൽ ഫോൺ നമ്പരുകൾ നൽകും. അടുത്ത പരസ്യത്തിൽ ഇവ മാറ്റും. ഇതിനിടെ, വിവാഹസഞ്ചാരത്തിൽ ഒപ്പംകൂടിയ സൂസൻ, ആന്റണിയുടെ വിവാഹത്തട്ടിപ്പുകൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. സഹോദരിയായും ബന്ധുവായും ആലോചനാവേളകളിൽ സൂസൻ നിറഞ്ഞുനിന്നു.
പല ജോലി, പല പേര്, പ്രായം മാത്രം മാറില്ല!
മുംബൈയിൽ സ്‌ഥിരതാമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയിൽ കംപ്യൂട്ടർ എൻജിനീയർ, സിനിമാ നിർമാതാവ്... വിവാഹത്തിനു മുൻപു ജോലികൾ സ്വയം സ്വീകരിക്കുകയായിരുന്നു. വ്യാജമായി ജോലികൾ പറയുക മാത്രമല്ല, ആ രീതിയിൽ അഭിനയിക്കാനും ആടിനു സാധിച്ചു.
പരസ്യത്തിൽ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്തതു പ്രായം മാത്രം. ആന്റണി എന്നും 43 വയസ്സുകാരൻ. പെണ്ണു കാണാനെത്തുമ്പോൾ ആന്റണി വധുവിന്റെ വീട്ടുകാരോട് അങ്ങേയറ്റം മര്യാദയോടെ പെരുമാറും. ഷർട്ട് ഇൻസെർട്ട് ചെയ്‌തു ഫുൾ സ്‌ലീവ് വേഷത്തിൽ എത്തുന്ന ആന്റണിയോട് ആർക്കും ആദരവുതോന്നും. ആദ്യഭാര്യ മരിച്ചുപോയെന്നും നാട്ടിൽ അധികം ബന്ധുക്കളില്ലെന്നും വിശദീകരിക്കും. വരന് ഒരു ആവശ്യമേയുള്ളൂ, വിവാഹം ലളിതമായിരിക്കണം. ‘നന്മ നിറഞ്ഞ’ ആന്റണിയെ ആരും സംശയിക്കില്ല. ഭാര്യമാർക്ക് ആവശ്യത്തിനു സ്വർണാഭരണങ്ങളും ആഡംബര വസ്‌തുക്കളും ആന്റണി സമ്മാനിച്ചിരുന്നു. ഒരേസമയം മൂന്നും നാലും ഭാര്യമാർ ഉണ്ടാകും. ആരും ഇതു പരസ്പരം അറിയില്ല. ബിസിനസ് യാത്രകൾ എന്നു പറഞ്ഞു വീടുവിടുന്ന ആടിനു രണ്ടു ലക്ഷ്യങ്ങൾ: മോഷണവും മറ്റു ഭാര്യമാരെ കാണലും.
ഭാര്യമാർ എതിർത്താൽ പക്ഷേ, ക്രൂരമായി മർദിക്കും. പെട്ടുപോയെന്നു മനസ്സിലായ സ്ത്രീകൾ ആന്റണിയെ സഹിക്കും. അങ്ങനെ സഹിച്ചവരിൽ സൂസന്റെ മകൾ ശ്രീലതയും ഉണ്ട്. അവർ ഗർഭിണിയായിരിക്കേയാണു ആന്റണി പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തുന്നത്. ശ്രീലതയുടെ പ്രസവം ജയിലിൽ ആയിരുന്നു.
സിനിമ സ്വപ്നം കണ്ടും കല്യാണം
മലമ്പുഴ സ്വദേശിയായ യുവതിയെ സിനിമയിൽ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് ആന്റണി വിവാഹം കഴിച്ചത്. ആന്റണിയും സിനിമാക്കമ്പക്കാരനായിരുന്നു. മോഷണമുതൽ വിറ്റുകിട്ടുന്ന സമ്പാദ്യംകൊണ്ടു സീരിയൽ നിർമാണവും അഭിനയവും ഇയാൾ ലക്ഷ്യമിട്ടിരുന്നു. കോടമ്പാക്കത്തെ നൂൽ മിൽ കമ്പനിയിൽ ജീവനക്കാരിയായിരുന്ന യുവതിയെ അവിടെവച്ചാണു പരിചയപ്പെടുന്നത്. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.
മലമ്പുഴയിലുള്ള ഭാര്യവീട്ടിലെത്തിയപ്പോൾ സ്വകാര്യ എസ്റ്റേറ്റിലെ ഷീറ്റ് മോഷ്ടിക്കാൻ ശ്രമിച്ച ആട് ആന്റണിയെ തൊഴിലാളികൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ, എസ്റ്റേറ്റ് ഉടമയ്ക്കും അടികിട്ടിയ ആട് ആന്റണിക്കും പരാതി ഇല്ലാതിരുന്നതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല.
ആട് ആരാണെന്നറിഞ്ഞില്ല അവസാന ഭാര്യ
ആട് ആന്റണിയുടെ ഇരുപതാം ഭാര്യ കൊടുവായൂർ സ്വദേശിനിയായ യുവതി. ഇന്നലെ പൊലീസ് പിടിയിലാവുമ്പോൾ മാത്രമാണ് ഇയാൾ ആട് ആന്റണിയാണെന്ന് യുവതിക്കു മനസിലായത്. ശെൽവരാജ് എന്നു തെറ്റിദ്ധരിപ്പിച്ചാണു പരിചയപ്പെട്ടതും വിവാഹം ചെയ്തതും.
ആദ്യ ഭർത്താവ് മരിച്ച ശേഷം കരുമാണ്ടക്കൗണ്ടനൂരിലെ വീടു വിറ്റു രണ്ട് ആൺകുട്ടികളോടൊപ്പം കൊടുവായൂരിലെ വീട്ടിലേക്കു തിരിച്ചുവന്ന യുവതി ആടിനെ വിവാഹം കഴിച്ചശേഷമാണു കരുമാണ്ടക്കൗണ്ടനൂരിൽ തിരിച്ചെത്തിയത്. ആന്റണി ഇടയ്ക്കുമാത്രമാണു വരാറുണ്ടായിരുന്നത്. ഇതിനിടെ ഒരു കാറും ആന്റണി വാങ്ങിയതായി യുവതി പറഞ്ഞു. രഹസ്യമായാണ് ആട് ആന്റണി കരുമാണ്ടക്കൗണ്ടനൂരിൽ എത്തിയിരുന്നത്. തൊട്ടടുത്ത അയൽവാസികളോടുപോലും ഇയാൾ മിണ്ടാറുണ്ടായിരുന്നില്ല. വീട്ടിൽ വന്നാൽ പുറത്തിറങ്ങാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
കേരള പൊലീസിനു പൊൻതൂവൽ; അന്വേഷണം പാഠനവിഷയമാകും
ഈ നേട്ടം കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ. മൂന്നു വർഷത്തിലേറെ സംസ്ഥാനത്തെ പൊലീസ് സേനയാകെ ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിലേക്കു പ്രവർത്തിച്ചതിന്റെ ഫലം. പാലക്കാട് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ. സുനിലിനും 17 സഹപ്രവർത്തകർക്കും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാം. സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടിയതും ഇതേ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ.
മൊബൈൽ ഫോൺപോലും ഉപയോഗിക്കാത്ത ആന്റണിയെ കുടുക്കാൻ മാസങ്ങളോളം ചില പ്രദേശങ്ങളിലെ പബ്ലിക് ബൂത്തിലെ വിളികൾവരെ 18 അംഗ അന്വേഷണസംഘം നിരീക്ഷിച്ചിരുന്നു. ഒടുവിൽ തന്റെ ബലഹീനതയായ ‘വിവാഹം’ ആന്റണിക്കു വിനയായപ്പോൾ മൂന്നുവർഷത്തെ കേരള പൊലീസിന്റെ കാത്തിരിപ്പിനും നാണക്കേടിനും വിരാമമായി.
മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസും കെ.എസ്. ബാലസുബ്രഹ്മണ്യനും ഇപ്പോഴത്തെ ഡിജിപി സെൻകുമാറുമെല്ലാം ഒരുപോലെ നിരീക്ഷിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത അന്വേഷണം കൂടിയായിരുന്നു ഇത്. പല ഘട്ടങ്ങളിലും നിർണായക വിവരങ്ങൾ കൈമാറി അന്വേഷണത്തിനു കരുത്തേകിയ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ഈ നേട്ടത്തിനു പിന്നിലെ നിശ്ശബ്ദ സാന്നിധ്യമാണ്.
മണിയൻപിള്ള കൊല്ലപ്പെട്ട 2002 ജൂണിൽ ഒളിവിൽ പോയ ആട് ആന്റണിക്കു പിന്നാലെ അന്നേ പൊലീസിന്റെ പല സംഘങ്ങൾ പാഞ്ഞിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലും നേപ്പാളിലും വിരാജിച്ച ആന്റണി, ഒളിവിനിടെപ്പോലും മോഷണവും പുത്തൻ കല്യാണങ്ങളുമായി സേനയെ അമ്പരിപ്പിച്ചു കൊണ്ടേയിരുന്നു. സെൻകുമാർ ചുമതലയേറ്റതോടെ എല്ലാ ജില്ലകളിലും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരുടെയോ മറ്റേതെങ്കിലുമൊരു ഡിവൈഎസ്പിയുടെയോ കീഴിൽ ഇയാളെ പിടിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. കൊല്ലം കമ്മിഷണറുടെ കീഴിൽ ഇതന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു പുറമെയായിരുന്നു ഇത്.
ഡിവൈഎസ്പി എം.എൽ. സുനിൽ കഴിഞ്ഞ ഒരുവർഷമായി ഈ കേസ് അന്വേഷണത്തിൽ തന്നെയായിരുന്നു. പാലക്കാട്ട് ആദ്യ ഭർത്താവ് ഉപേക്ഷിച്ച ഒരുസ്ത്രീയെ കബളിപ്പിച്ച് ആന്റണി വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു ആൺകുട്ടി ഉണ്ടെന്നും ഇവർ കണ്ടെത്തി. ഈ ആറാം ക്ലാസ് വിദ്യാർഥിയും അമ്മയും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ കഴിയുമ്പോൾ തന്നെ, ആന്റണിക്ക് അവിടെ മറ്റൊരു സ്ത്രീയുമായും ബന്ധമുള്ളതു പൊലീസ് അറിഞ്ഞു. ഇവരുടെയെല്ലാം ഫോണിലേക്കു വരുന്ന വിളികൾ നിരീക്ഷണത്തിലാക്കി.
ആന്റണി ഒരിക്കലും സ്വന്തമായി മൊബൈൽ ഫോൺ കൊണ്ടുനടക്കാറില്ല. എന്നാൽ ഇയാൾ എത്തുന്ന സ്ഥലങ്ങളിലെ സ്ത്രീകളുടെ ഫോണിൽനിന്നു വേണ്ടപ്പെട്ടവരെ വിളിക്കുമായിരുന്നു. ഇതും പൊലീസ് മനസ്സിലാക്കി. അതിനിടെ മഹാരാഷ്ട്രയിലെ ഒളിവു ജീവിതം അവസാനിപ്പിച്ചു തിരുപ്പൂരിനു സമീപം ധാരാപുരത്ത് ഇയാൾ ഏറെക്കാലം താമസിച്ചു. അതിനിടെയാണ് ഒരുമാസം മുൻപു കേസിൽ വഴിത്തിരിവാകുന്ന ചില വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ഇയാൾ ആട് ആന്റണി തന്നെയാണെന്ന് ഉറപ്പാക്കുന്ന ജോലിയിലായി പൊലീസ്. അതും സ്ഥിരീകരിച്ചതോടെയാണ് ഇന്നലെ രാവിലെ പിടികൂടിയത്. ചിറ്റൂർ എസ്ഐ പി.എസ്. ബിനുവും അവിടത്തെ എആർ ക്യാംപിലെ പൊലീസുകാരും സൈബർ സെല്ലിലെ കോൺസ്റ്റബിളുമൊക്കെയായിരുന്നു സുനിലിന്റെ അന്വേഷണ സംഘത്തിലെ നിത്യസഹായികൾ. മണിയൻപിള്ള കൊല്ലപ്പെടുമ്പോൾ കൊല്ലം കമ്മിഷണറും ഇപ്പോൾ മലപ്പുറം എസ്പിയുമായ ദേബേഷ് ബെഹ്റയും കേസിൽ സ്വന്തം നിലയിൽ ഏറെ വിവരങ്ങൾ ശേഖരിച്ചു കൈമാറി. വിമർശനം ഏറെ ഉയർന്നപ്പോഴും മുന്നേറിക്കൊണ്ടിരുന്ന നിശ്ശബ്ദ അന്വേഷണത്തിന്റെ ഒരുവിവരം പോലും പരസ്യമാകാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ മറ്റൊരു കേസ് സ്റ്റഡി കൂടിയാകും ഭാവിയിൽ ഇത്.
ഒരു ലക്ഷം രൂപ സമ്മാനം: മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം∙ ആട് ആന്റണിയെ പിടികൂടിയ ഡിവൈഎസ്പി എം.എൽ. സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ആട് ആന്റണിക്കു പരമാവധി ശിക്ഷ വാങ്ങി നൽകാനുള്ള നിയമനടപടി സ്വീകരിക്കുമെന്നു, കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യയെ ഫോണിൽ മന്ത്രി അറിയിച്ചു. പ്രതിയെ പിടികൂടിയതിൽ ഡിജിപി ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ മന്ത്രി അഭിനന്ദിച്ചു. കാസർകോട്ടെ രണ്ടു ബാങ്ക് കവർച്ച കേസിലെ പ്രതികളെ തൊണ്ടിസഹിതം പിടിച്ചതും പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകത്തിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തതും പൊലീസിന്റെ കാര്യക്ഷമതയ്ക്ക് ഉദാഹരണമാണെന്നു മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കൂട്ടായ പരിശ്രമം ഫലം കണ്ടു: ഡിജിപി സെൻകുമാർ
തിരുവനന്തപുരം∙ പൊലീസ് സേനയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണു പ്രതിയെ പിടിക്കാൻ കഴിഞ്ഞതെന്നു ഡിജിപി ടി.പി. സെൻകുമാർ. മാസങ്ങൾനീണ്ട പരിശ്രമമാണ് ആട് ആന്റണിയുടെ അറസ്റ്റോടെ ഫലപ്രാപ്തിയിലെത്തിയത്. ചില കേസുകൾ തെളിയിക്കാനും പ്രതികളെ പിടികൂടാനും ധാരാളം സമയം വേണ്ടിവരും. ഈ കേസിലും അതുതന്നെയാണു സംഭവിച്ചത്. ആട് ആന്റണിയുടെ നീക്കങ്ങളെക്കുറിച്ചു പൊലീസിനു കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അപ്പോൾ അയാളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലരെ നിരീക്ഷണവിധേയമാക്കി. തുടർന്നു നടത്തിയ ആസൂത്രിത നീക്കങ്ങൾക്കൊടുവിലാണ് ആന്റണി പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.
അഭിമാനകരമായ നേട്ടം: മുൻ ഡിജിപി ജേക്കബ് പുന്നൂസ്
തിരുവനന്തപുരം ∙ ആട് ആന്റണിയുടെ അറസ്റ്റ് കേരള പൊലീസിന് അഭിമാനകരമായ നേട്ടമാണെന്നു മുൻ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസ് ഉദ്യോഗസ്ഥനെ കൊന്നിട്ടു കടന്ന ആന്റണിയെ പിടികൂടാനാകാത്തതു വലിയ ക്ഷീണമായിരുന്നു. ആസൂത്രിതമായ പല നീക്കങ്ങളും നടത്തിയെങ്കിലും സാമർഥ്യക്കാരനായ ആന്റണി അതെല്ലാം വെട്ടിച്ചു കടക്കുകയായിരുന്നു. ആട് ആന്റണി കേസ് പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ പഠനവിധേയമാക്കണമെന്നാണു തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി സ്ഥാനത്തു നിന്നു വിരമിക്കുമ്പോൾ നൽകിയ ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ ആട് ആന്റണിയെ പിടിക്കാൻ കഴിയാത്തതാണു തന്റെ സർവീസിലെ ഏറ്റവും വലിയ ദുഃഖമെന്നു ജേക്കബ് പുന്നൂസ് പരസ്യമായി പറഞ്ഞിരുന്നു.
ആട് ആന്റണിക്ക് ഡി.എന്‍.എ പരിശോധന
കൊല്ലം: പാരിപ്പള്ളി മടത്തറയില്‍ വാഹനപരിശോധനക്കിടെ പോലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിടികിട്ടാപ്പുള്ളി ആട് ആന്റണിയെ തിരിച്ചറിയാന്‍ പോലീസ് ഡി.എന്‍.എ പരിശോധന നടത്തും.
പോലീസ് ഇയാളുടെ നിരവധിതരത്തിലുള്ള ഫോട്ടോകള്‍ പരസ്യങ്ങളായി നല്‍കിയിട്ടും തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിലെ നക്‌സല്‍ മേഖലയില്‍ നിന്നും ആന്റണിയുമായി സാമ്യമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ആന്റണിയുമായി കാഴ്ചയിലും നടപ്പിലും 90 ശതമാനവും സാമ്യമുണ്ടായിരുന്നെങ്കിലും ഇയാള്‍ പിന്നീട് മഹാരാഷ്ട്രസ്വദേശിയായ അധ്യാപകനാണെന്ന് സ്ഥിരീകരിച്ചു.
പിടിയിലായ ആട് ആന്റണിയുടെ കൈയില്‍ നിന്നും ലഭിച്ചരേഖകളിലെല്ലാം ശെല്‍വരാജ് എന്നാണുള്ളത്. ഇത്തവണയും സമാന അബന്ധം പറ്റരുതെന്ന് ഉറപ്പുവരുത്താനാണ് പോലീസ് ഡി.എന്‍.എ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്.
ആന്റണിയെ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. പോലീസ് ഡ്രൈവറുടെ കൊലയ്ക്ക് ശേഷം വര്‍ക്കലയില്‍ ഒരു ദിവസം തങ്ങിയശേഷം ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും.
പാരപ്പള്ളിയിലെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസിന് ഇതേവരെ കണ്ടെടുക്കാനായിട്ടില്ല. കോടയില്‍നിന്നും കസ്റ്റഡിയില്‍വാങ്ങിയശേഷം ഇയാളെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണര്‍ പി. പ്രകാശ് പറഞ്ഞു.