Wednesday, October 14, 2015

ചെക്ക്‌ലീഫ് മോഷ്ടിച്ച് പണം തട്ടൽ: യുവതിയും യുവാവും അറസ്റ്റിൽ



കൊച്ചി ∙ മുംബൈ സ്വദേശിയായ എൻജിനീയറുടെ ചെക്ക്‌ലീഫ് മോഷ്ടിച്ച്, 2.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വ്യാജരേഖ ചമച്ചു സ്വന്തമാക്കിയ ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തിയ രണ്ടാം പ്രതി കണ്ണൂർ ശ്രീകണ്ഠാപുരം നെല്ലിക്കുറ്റി സ്വദേശിനി ജ്യോതിസ് നിർമൽ (25), വ്യാജരേഖ നിർമിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സായ്കൃഷ്ണൻ (29) എന്നിവരെയാണു കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മു‍ൻ സിആർപിഎഫ് കോൺസ്റ്റബിൾ ആലപ്പുഴ പെരുമ്പളം മുക്കണ്ണച്ചിറയിൽ എം. രഞ്ജിത്തിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിൻ റിഫൈനറിയിലെ കരാർ പദ്ധതിയുടെ എൻജിനീയറായിരുന്ന മുംബൈ സ്വദേശി അരുൺ കപൂറിനുവേണ്ടി ടാക്സി കാർ ഓടിച്ചിരുന്ന രഞ്ജിത്ത് ഇദ്ദേഹത്തിന്റെ മൂന്നു ചെക് ലീഫ് മോഷ്ടിച്ചാണു തട്ടിപ്പ് നടത്തിയത്. ഒപ്പം താമസിച്ചിരുന്ന ജ്യോതിസ് നിർമലിന്റെ ഫോട്ടോയിൽ കൃത്രിമം നടത്തി ജമീല എന്ന കള്ളപ്പേരിൽ തിരിച്ചറിയൽ രേഖയുണ്ടാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഇയാൾ, ഈ അക്കൗണ്ടിലേക്കാണു പണം നിക്ഷേപിച്ചത്. കടവന്ത്രയിലെ ബാങ്ക് ശാഖ വഴിയാണ് കള്ള ഒപ്പിട്ട ചെക്ക് മാറി പണം തട്ടിയെടുത്തത്.
തട്ടിപ്പ് തിരിച്ചറിഞ്ഞു ബാങ്ക് മാനേജർ പരാതി നൽകിയതോടെ രഞ്ജിത്തും ജ്യോതിസും ഒളിവിൽ പോയി. രഞ്ജിത്തിനെ രണ്ടാഴ്ച മുൻപു പിടികൂടി. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ജ്യോതിസ് കോടതി നിർദേശപ്രകാരമാണ് അന്വേഷണദ്യോഗസ്ഥനായ കടവന്ത്ര എസ്ഐക്കു മുന്നിൽ കീഴടങ്ങിയത്. ജ്യോതിസിനെ ചോദ്യം ചെയ്തതിൽ നിന്നാണു വ്യാജരേഖ നിർമിച്ചു നൽകിയത് മുൻപ് തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ ഒപ്പം ജോലി ചെയ്തിരുന്ന സായ്കൃഷ്ണൻ ആണെന്നു തിരിച്ചറിഞ്ഞത്.
എസ്ഐ പ്രജീഷ് ശശി, എഎസ്ഐ സന്തോഷ്കുമാർ, സിപിഒമാരായ അനിൽ, സുരേഷ് എന്നിവർ ഇന്നലെ രാവിലെ തിരുവനന്തപുരത്തെ വീട്ടിൽനിന്നാണ് സായ്കൃഷ്ണനെ അറസ്റ്റ് ചെയ്തത്. വ്യാജ തിരിച്ചറിയിൽ കാർഡ് നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും പിടിച്ചെടുത്തു.

ബാങ്ക് മാനേജർ പരാതി നൽകിയതിനു പിന്നാലെ വ്യാജ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, എടിഎം കാർഡ് എന്നിവ പ്രതികൾ കത്തിച്ചുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു. ജ്യോതിസിനെയും സായ്കൃഷ്ണനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയിൽ ട്രാവൽ ഏജൻസി നടത്തി 11 പേരിൽ നിന്നായി 33 ലക്ഷം രൂപ തട്ടിയെടുത്തതിനു രഞ്ജിത്തിനെതിരെ മുംബൈ താനെ പൊലീസിൽ കേസുണ്ട്. ട്രാവൽ ഏജൻസി നടത്തിപ്പിൽ ജ്യോതിസിന്റെ സഹായവുമുണ്ടായിരുന്നു. തട്ടിപ്പിന് ഇരയായവർ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.

No comments:

Post a Comment